മൂന്നാര്‍ എന്നും മോഹനഭൂമിയായിരുന്നു. നീലക്കുറിഞ്ഞികള്‍ കടലുപോല്‍ പൂക്കുന്ന മലനിരകളും അപൂര്‍വ്വങ്ങളായ വരയാടുകളും ഒപ്പം ചന്ദനക്കാടുകളും അതിന്റെ സുഖശീതളിമയ്ക്ക് ആസ്വാദ്യത കൂട്ടി. പ്രാചീന വനവാസി ഗോത്രങ്ങളുടെ സ്വതന്ത്ര വിഹാരരംഗമായിരുന്ന മലഞ്ചെരിവുകളും മലമടക്കുകളും പാറമേടകളും വന്യമായ പ്രാക്തന സ്മൃതികള്‍ തൊട്ടുണര്‍ത്താന്‍ പര്യാപ്തം. സമീപകാലങ്ങളില്‍ മൂന്നാര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് കൂറ്റന്‍ റിസോര്‍ട്ടുകളും അധികൃതവും അനധികൃതവും ആയ കൈയ്യേറ്റങ്ങളും ജെ.സി.ബികളും കുരിശു പൊളിക്കലും രാഷ്ട്രീയക്കാരുടെ ശബ്ദകോലാഹലങ്ങളും കൊണ്ടാണല്ലോ. വനം വകുപ്പിന്റെയും ടി.എന്‍.എച്ച്.എസിന്റെയും ( Travancore Natural History Society) ആഭിമുഖ്യത്തില്‍ നടക്കുന്ന 2018 ലെ മൂന്നാര്‍ ചിത്രശലഭ സര്‍വ്വേക്ക് ക്ഷണം ലഭിച്ചപ്പോള്‍ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ചു, തുടര്‍ച്ചയായ ചുമയും ജലദോഷവും കാരണം ഡോക്ടര്‍ നിര്‍ദ്ദേശിച്ച പത്തു ദിവസത്തെ വിശ്രമം വേണമെന്ന നിര്‍ദേശത്തെയും തല്‍ക്കാലം അവഗണിക്കാന്‍ തീരുമാനിച്ചു.
മലബാര്‍ എക്സ്പ്രസ്സില്‍ ആലുവയിലിറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്നു മണി. വണ്ടിയിറങ്ങി സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ അവിടെ മൂന്നാര്‍ ബോര്‍ഡും വെച്ച് സ്വകാര്യ ബസ് പുറപ്പെടാന്‍ കാത്തു നില്‍ക്കുന്നു.ഉടനെ സീറ്റ് ഉറപ്പിച്ച് കണ്ടക്റ്ററോട് ഒരു ചായ കുടിക്കാനുള്ള അനുവാദം വാങ്ങി. തിരിച്ച് കയറിയ ഉടനെ ബസ്സ് പുറപ്പെട്ടു. ആകെ പതിനഞ്ചോളം യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ആ വണ്ടി വളവുകളും കയറ്റങ്ങളും താണ്ടി ഏഴു മണിയോടെതന്നെ മൂന്നാറില്‍ പ്രവേശിച്ചു.
കുളിരു കോരിച്ചൊരിയുന്ന പ്രഭാതത്തില്‍ മൂന്നാര്‍ ടൗണില്‍ത്തന്നെയുള്ള വനം വകുപ്പിന്റെ ഡോര്‍മിറ്ററിയിലെത്തി. കൊടും തണുപ്പില്‍ പ്രഭാതകൃത്യങ്ങള്‍ ഒരു വിധം പൂര്‍ത്തിയാക്കിയപ്പോഴേക്കും സര്‍വ്വേയില്‍ പങ്കെടുക്കേണ്ട മറ്റുള്ളവര്‍ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉടനെ ലഭിച്ച ചൂടുചായയും ഉപ്പുമാവും വലിയ ആശ്വാസമായി. പത്തുമണിയോടുകൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഒന്നര മണിക്കൂര്‍ നീണ്ടു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി നൂറില്‍പ്പരം ചിത്രശലഭനിരീക്ഷകര്‍ അവിടെ കൂടിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. വനം വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥവൃന്ദവും ചിത്രശലഭ സര്‍വ്വേയുടെ സംഘാടകരും വിവിധ കാര്യങ്ങള്‍ പങ്കു വെച്ചു. പക്ഷി നിരീക്ഷണത്തില്‍ ഇ-ബേര്‍ഡ് എന്ന അപ്ലിക്കേഷന്റെ ഉപയോഗത്തെപ്പറ്റിയും മറ്റും ചില നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും അവിടെ ഉന്നയിക്കപ്പെട്ടു. വനവും അതിലെ വിഭവങ്ങളും വനം വകുപ്പിന്റേതാണോ എന്ന പലപ്പോഴും ഉയരുന്ന ചോദ്യത്തിന്റെ പ്രതിഫലനമായാണ് അത് ചിലര്‍ക്കെങ്കിലും അനുഭവപ്പെട്ടതെന്ന് തോന്നി.
കണ്ണൂരില്‍ നിന്നുള്ള ഞങ്ങള്‍ മൂന്നു പേരും- എനിക്കൊപ്പം രാജേന്ദ്രന്‍ മാഷും സജിത്ത് മാഷും , കൂട്ടത്തില്‍ പക്ഷി നിരീക്ഷകരായുള്ള ഡോ. അമലും ഡോ. ഷിയാസും അടങ്ങിയ സംഘത്തിന് അനുവദിക്കപ്പെട്ട സ്ഥലം പാമ്പാടും ചോല നാഷണല്‍ പാര്‍ക്കിലെ ബന്ദര്‍ ആയിരുന്നു. താരതമ്യേന പുതുതായി രൂപം കൊണ്ട ഈ നാഷണല്‍പാര്‍ക്കിന്റെ ആകെ വിസ്തൃതി 1.32 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.മറ്റ് ടീമംഗങ്ങളോടൊപ്പം മൂന്നു ദിവസത്തേക്കാവശ്യമായ ഭക്ഷണസാമഗ്രികളും പൊതിഞ്ഞെടുത്ത ഞങ്ങളെ ആദ്യം എത്തിച്ചത് വട്ടവടയിലെ പ്രകൃതി പഠന കേന്ദ്രത്തിലേക്കായിരുന്നു. അല്‍പ സമയത്തിനു ശേഷം മറ്റൊരു വാഹനത്തില്‍ ബന്ദറിലേക്കുള്ള യാത്ര ആരംഭിച്ചു.
ചെങ്കുത്തായ മലനിരകളും കൊടുംവളവുകളും കടന്നുള്ള ആ യാത്ര നിബിഢ വനാന്തരങ്ങളിലൂടെയായിരുന്നു. ഇടയ്ക്കിടെ ടാര്‍റോഡിന്റെ അവശിഷ്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കൗതുകമുണര്‍ത്തി.പണ്ടെങ്ങോ കൊടൈക്കനാലിലേക്ക് ബസ്സടക്കമുള്ള വാഹനങ്ങള്‍ ഓടിയ പാതയുടെ അവശിഷ്ടങ്ങളാണതെന്ന് ഡ്രൈവര്‍ സൂചിപ്പിച്ചപ്പോള്‍ കൗതുകം വര്‍ദ്ധിച്ചു. എന്നോ ഉണ്ടായിരുന്ന കാട്ടുവഴി ബ്രിട്ടീഷുകാര്‍ 1942 ല്‍ ടാറിങ്ങ് നടത്തി തയ്യാറാക്കിയതാണ് ആ വനപാത. മൂന്നാറില്‍ നിന്നും വെറും 80 കിലോമീറ്ററുകള്‍ താണ്ടിയാല്‍ തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ എത്താന്‍ സാധിക്കുന്ന പാത ലോലമായ പരിസ്ഥിതിക്കും അവിടത്തെ താമസക്കാരായ വന്യജീവികള്‍ക്കും ദോഷമാണെന്നു കണ്ട് തമിഴിനാട് മുന്‍കൈയ്യെടുത്ത് എന്നെന്നേക്കുമായി അടച്ചതാണത്രെ. ഹിമാലയത്തിന് തെക്ക്, ഇത്രയും ഉയര്‍ന്ന് മലകളിലൂടെ മാത്രം കടന്നുപോകുന്ന അപൂര്‍വ്വം പാതകളില്‍ ഒന്നായിരുന്നു അത്. തങ്ങളുടെ തോട്ടങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രം ഉപയോഗിച്ചിരുന്ന ഈ പാത ബ്രിട്ടീഷുകാര്‍ 1942 ല്‍ മെച്ചപ്പെടുത്തിയതിന്റെ കാരണവും വളരെ രസകരമായി തോന്നി. തകര്‍ന്നടിഞ്ഞു കിടക്കുന്ന ആ പാതയിലെ ഓരോ കരിങ്കല്ലും ഇന്നും ഗൃഹാതുരതയോടെ അക്കഥ അയവിറക്കുന്നുണ്ടാകണം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ മുന്നേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. ആന്‍ഡമാന്‍ അവര്‍ കീഴടക്കി. ആ സൈന്യം കിഴക്കന്‍ തീരത്തേക്കു തിരിച്ചേക്കാം എന്ന അഭ്യൂഹങ്ങള്‍ എങ്ങും പടര്‍ന്നു. അപ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥ വൃന്ദം തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ മദ്രാസ് പട്ടണത്തിന്റെയും അവിടെ ഉള്ള ബ്രിട്ടീഷ് സ്ഥാപനങ്ങളുടെയും ആളുകളുടെയും സുരക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങള്‍ ചെയ്യുകയായിരുന്നു.അങ്ങിനെ കിഴക്കന്‍ തീരത്തുള്ള ആളും അര്‍ത്ഥവും പടിഞ്ഞാറന്‍ തീരത്തുള്ള കൊച്ചി തുറമുഖം വഴി സുരക്ഷിതമാക്കാനുള്ള മാര്‍ഗമായി കണ്ടെത്തിയതാണ് ഈ കാനനപാതയെന്ന് ചരിത്രം. അങ്ങിനെയാണ് അന്ന് പാത ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയതും. അതുകൊണ്ട് ആ പാതയ്ക്ക് രക്ഷാപാത (escape rout ) എന്ന പേരും വന്നു. ഇന്ന് ടോപ്സ്റ്റേഷനില്‍ നിന്നും കേരളാതിര്‍ത്തിവരെ ആ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാറ്റില്‍ തൈകളും മറ്റു കുറ്റിക്കാടുകളും പടര്‍ന്നു കയറിക്കിടയ്ക്കുന്നു. തമിഴിനാടിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിനു കുറുകേ വലിയ ഗേറ്റ് പണിത് പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തിയിരിക്കുന്നു. അതിര്‍ത്തിക്കപ്പുറം പാത നിലനിന്നരുന്നിടത്ത് വലിയ പൈന്‍മരങ്ങളും മറ്റും വളര്‍ന്നു വലുതായിക്കഴിഞ്ഞു.കേരളത്തിലെ ഏറ്റവും പ്രധാന ഹില്‍സ്റ്റേഷനായ മൂന്നാറിനെയും തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിനേയും ബന്ധിപ്പിക്കുന്ന 2000 മീറ്ററിനു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പാത പാരിസ്ഥിതിക കാരണം വെച്ച് മാത്രം അടച്ചിടാന്‍ തീരുമാനിച്ച പാരിസ്ഥിതിക ബോധം നല്ലതു തന്നെ.
ബന്ദറിലെത്തിയത് വൈകുന്നേരം അഞ്ചുമണിയോടെ. താമസസ്ഥലം സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരം കാണിച്ചു. രാവിലെ മൂന്നാറില്‍ അനുഭവിച്ച തണുപ്പ് എത്ര നിസ്സാരമായിരുന്നെന്ന് അറിയാന്‍ ജീപ്പില്‍ നിന്നിറങ്ങേണ്ട താമസമേ ഉണ്ടായുള്ളൂ. സൂര്യന്‍ അസ്തമിച്ചിട്ടില്ല. സൂര്യന്നു നേരെ തിരിഞ്ഞു നിന്നാല്‍ അല്‍പം ചൂട് ആ ഭാഗത്ത്, മറുവശം തണുത്ത് വിറയ്ക്കുന്നു. ഉടനടി തന്നെ തലയടയ്ക്കം മൂടുന്ന ചൂടുവസ്ത്രത്തിലേക്ക് വേഷം മാറി എല്ലാവരും പുറത്തേക്കിറങ്ങി. വനം വകുപ്പ് വാച്ചര്‍മാര്‍ 'ആനയെ ശ്രദ്ധിച്ചോളൂ' എന്ന മുന്നറിയിപ്പ് തന്നതിനാല്‍ ദുരെയൊന്നും പോയില്ല. പരിസരത്ത് കണ്ട തീരെ സാധാരണമല്ലാത്ത പക്ഷികളെയും അരുണവര്‍ണമാര്‍ന്ന് നിറയെ പൂത്തുനില്‍ക്കുന്ന റോഡോഡെന്‍ഡ്രോണ്‍ മരങ്ങളെയും ഒപ്പം കുങ്കുമച്ഛവിയാര്‍ന്ന് മലനിരകള്‍ക്കുള്ളിലേക്ക് അമരുന്ന സൂര്യനേയും ക്യാമറയ്ക്കുള്ളിലാക്കാനുള്ള ശ്രമത്തില്‍ മുഴുകി എല്ലാവരും.
സൗരോര്‍ജവിളക്കുകള്‍ നല്‍കിയ പ്രകാശത്തില്‍ സംഘാംഗങ്ങള്‍ തങ്ങളുടെ മുറികളില്‍ പുതച്ചിരുന്ന് സംസാരം തുടങ്ങുമ്പോഴേക്കും രാത്രി ഭക്ഷണം തയ്യാറായെന്ന അറിയിപ്പെത്തി. കറിയുടെ സ്വഭാവം പതിവുപോലെ, എരിവു വളരെ കൂടുതല്‍- തണുപ്പിനെതിരെയുള്ള പ്രതിരോധമാണോ ആവോ. പുറത്തിറങ്ങുമ്പോഴേക്കും തണുപ്പ് ഇരട്ടിയായി. അപ്പോഴേക്കും കെട്ടിടത്തോട് ചേര്‍ന്ന് വലിയ മരച്ചില്ലകള്‍ കത്തിച്ച് ഉണ്ടാക്കിയ തീ അതിനെ ആലിംഗനം ചെയ്യുന്ന തണുപ്പിനെ ഇല്ലാതാക്കാന്‍ വൃഥാ ശ്രമിക്കുകയായിരുന്നു. പണ്ടെങ്ങോ മലയാളം ക്ലാസ്സില്‍ പഠിച്ച 'തീക്കും തന്നുള്ളിലെ തോന്നിത്തുടങ്ങിതേ തീക്കായവേണമെനിക്കുമെന്നേ' എന്ന അലങ്കാരത്തിന്റെ അര്‍ത്ഥം നേര്‍ക്കും ഉള്‍ക്കൊള്ളാനായി. എല്ലാവരും ആളിക്കത്തുന്ന കുങ്കുമജ്വാലകള്‍ക്കു ചുറ്റും കൂടി. മാനത്ത് പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുന്നു. പൗര്‍ണമിക്ക് തൊട്ടുള്ള ആ ദിവസത്തിലെ അന്തരീക്ഷം വളരെ തെളിഞ്ഞതായിരുന്നു. കൊടും തണുപ്പില്‍ ഇത്രയും ഉയരത്തില്‍ തെളിഞ്ഞ ആകാശത്തിലെ പൂര്‍ണനിലാവിലുള്ള ആ നില്‍പ്പ് അഭൗമവും അവാച്യവും ആയ എന്തൊക്കെയോ അനുഭൂതികള്‍ ഉള്ളിലുണര്‍ത്താന്‍ പര്യാപ്തമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് മുന്നേ അഗസ്ത്യകൂടത്തിലെ അതിരുമലയില്‍ പൗര്‍ണമി രാത്രിയില്‍ സമാനമായ നിര്‍വൃതിയില്‍ ലയിച്ചിരുന്നത് ഓര്‍മയില്‍ നിറഞ്ഞുനിന്നു. അല്‍പസമയം തങ്ങളുടെ കാടനുഭവങ്ങള്‍ പങ്കുവെച്ച് എല്ലാവരും അവരുടെ ശയ്യകളിലേക്ക് നീങ്ങി. സിരകളുറയുന്ന കൊടും തണുപ്പില്‍ ഉറങ്ങാന്‍ കിടന്ന പലരും, അല്‍പ സമയത്തിനുശേഷം സ്വന്തം കട്ടിലുകളില്‍ നിന്നും മാറി ഒരുമിച്ചു ചേര്‍ന്ന് കിടയ്ക്കുന്നതാണ് കണ്ടത്. പ്രഭാതം പെട്ടെന്ന് എത്തിയതു പോലെ. രാവിലെ അഞ്ചുമണിയോടെ ഉണര്‍ന്ന് എല്ലാവരും വീണ്ടും വര്‍ത്തമാനങ്ങളില്‍ മുഴുകി.
ആദ്യദിവസത്തെ സര്‍വേ ട്രാന്‍സെക്റ്റ് പഴയ പാത വഴി കേരള അതിര്‍ത്തി വരെയെത്തി ഒരു മല ചുറ്റി താഴേ ഇറങ്ങി മടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. എട്ടു മണിക്ക് തുടങ്ങേണ്ട സര്‍വേ കൊടും തണുപ്പില്‍ ആരംഭിച്ചത് 8.30 ന്. വാറ്റില്‍ ചെടികളും ആനപിണ്ഡങ്ങളും നിറഞ്ഞ വഴിയില്‍ ഒന്നര മണിക്കൂറോളം ഒരു പൂമ്പാറ്റയെപ്പോലും കണ്ടുമുട്ടാതെയുള്ള നടത്തം. ഒരു പക്ഷേ, ശലഭസര്‍വ്വേകളില്‍ അതൊരു വ്യത്യസ്ത അനുഭവമായിരുന്നു. വിവിധ തരം പക്ഷികള്‍ ഇടയ്ക്കിയെ പ്രത്യക്ഷപ്പെട്ടത് സംഘത്തിന്റെ ആവേശം ചോരാതിരിക്കന്‍ സഹായിച്ചുവെന്നു വേണം കരുതാന്‍, അതും ശലഭനിരീക്ഷകരേക്കാള്‍ പക്ഷി നിരീക്ഷകര്‍ കൂടതലുള്ള ഞങ്ങളുടെ സംഘത്തില്‍. കേരള അതിര്‍ത്തിയിലെ നിരീക്ഷണഗോപുരത്തിലും തമിഴ്നാടിന്റെ ഗേറ്റിനപ്പുറമുള്ള പാതയിലും അല്‍പസമയം ചെലവഴിച്ചു. അവിടെ ആനകളുടെ പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ഫലമെന്നോണം കേരള സര്‍ക്കാര്‍ സ്ഥാപിച്ച അതിര്‍ത്തി സൂചിപ്പിക്കുന്ന ബോര്‍ഡ് നിലത്ത് ഒടിഞ്ഞുകുത്തി കിടയ്ക്കുന്നത് കണ്ടു. ആനയെക്കെന്തു കേരളം, എന്തു തമിഴ്നാട്! തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലെ ഫയര്‍ലൈനിലൂടെ കുത്തനെ താഴേക്ക് അല്‍പനേരം നടന്നു. സര്‍വേയിലെ പ്രഥമ ചിത്രശലഭം ദര്‍ശനമേകിയത് ആ വഴിയിലായിരുന്നു. രണ്ടു പളനി നാല്‍ക്കണ്ണി(Ypthima ypthimoides) ശലഭങ്ങളായിരുന്നു അവ. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണുന്ന അവ അത്ര സാധാരണമല്ലാത്തതിനാല്‍ അല്‍പം സന്തോഷം പകര്‍ന്നു. ഒരു സാധാരണക്കാരനേ സംബന്ധിച്ചിടത്തോളം പളനി നാല്‍ക്കണ്ണി കാഴ്ചക്കു തീരം ഭംഗിയില്ലാത്ത ഒരനാകര്‍ഷക ശലഭം മാത്രം. നീലഗിരി ചിലുചിലുപ്പനും വ്യത്യസ്തങ്ങളായ പാറ്റപിടിയന്‍മാരും വഴിയിലുടനീളം മിന്നി മാഞ്ഞു.
യാത്ര അല്‍പം പച്ചപ്പും നീര്‍ച്ചാലുകളും ഉള്ളിടം വഴി ആക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങളുടെ വഴികാട്ടിക്ക് സമ്മതം. അദ്ദേഹം നടന്നിരുന്ന കാട്ടു വഴിയില്‍ നിന്നും അല്‍പം മാറി ചോലക്കാടുകള്‍ക്കിയയിലേക്ക് നൂണിറങ്ങാന്‍ തുടങ്ങി, ഒപ്പം ഞങ്ങളും. ഉയരം കുറഞ്ഞ ഇടതൂര്‍ന്ന മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും ആവേശം നിറച്ചു. ആദ്യമായാണ് പലരും ഒരു ചോലക്കാടിന്റെ ഉള്ളിലേക്ക് കയറുന്നത്. കാറ്റിനെ ചെറുക്കാന്‍ മരങ്ങളുടെ തടിച്ച കമ്പുകള്‍ ചുരുണ്ട് കൂടിക്കിടയ്ക്കുന്നത് തീര്‍ത്തും അല്‍ഭുതകരം തന്നെ. പാതകളില്ലാതെ കുറ്റികളും വള്ളികളും വകഞ്ഞ് മാറ്റിയുള്ള യാത്രയില്‍ പലരും പിന്നിലായി. ഇതിന്നിടയില്‍ വഴികാട്ടിക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയും തെറ്റി. തുടര്‍ന്ന് മുള്ളുകളും കുഴികളും തിട്ടകളും, ഒരു മരക്കമ്പില്‍ നിന്നും കീഴ്മേല്‍ നോക്കാതെ അടുത്ത മരക്കമ്പിലേക്കുള്ള പ്രയാണമായി അത്. ഒരു പക്ഷെ ഇതുവരെ മനുഷ്യസാമീപ്യമറിഞ്ഞിട്ടില്ലാത്ത യഥാര്‍ത്ഥ കന്യാവനങ്ങള്‍. തണുപ്പും ഇരുട്ടും. മുന്നില്‍ വഴികാട്ടിയുടെ നിഴലും ശബ്ദവും മാത്രം. സംഘാംഗങ്ങളില്‍ അസ്വസ്ഥതയും ദ്വേഷ്യവും കൂടി വരുന്നു. പക്ഷേ എന്തു ചെയ്യാന്‍ ? ഇനി തിരിച്ചു പോകാനും ആവില്ല. 'വഴിയില്‍ നേര്‍വഴി അരുളേണം ശിവശംഭോ ' എന്ന് ഏത് അവിശ്വാസിയും പ്രാര്‍ത്ഥിക്കുന്ന ചില നിമിഷങ്ങള്‍! ആനപിണ്ഡങ്ങള്‍ നിറഞ്ഞ ഒരു ചെറു നീര്‍ച്ചാലിലിറങ്ങി മറുവശം നോക്കിയപ്പോള്‍ ദൂരെയല്ലാതെ നല്ല സൂര്യപ്രകാശം. എല്ലാവരുടേയും ആശങ്കകള്‍ വിട്ടൊഴിഞ്ഞു.
ആ ചോലക്കാടില്‍ നിന്നും പുല്‍മേട്ടിലെത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്ന് ക്ഷീണിച്ചിരുന്നു. ആദ്യം കണ്ട പാറക്കൂട്ടത്തില്‍ വിശ്രമം. ശരീരത്തില്‍ ആഴ്ന്നിറങ്ങിയ മുള്ളുകളും ഇലകളും വിത്തുകളും നീക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. സഞ്ചികളില്‍ കരുതിയിരുന്ന നേന്ത്രപ്പഴങ്ങളും മറ്റും വേഗം തീര്‍ന്നു. ചുറ്റുമുള്ള റോഡോഡെന്‍ഡ്രോണ്‍ മരങ്ങളില്‍ ചില ചിത്രശലഭങ്ങളും പക്ഷികളും പറന്നെത്തുന്നുണ്ടായിരുന്നു. ക്ഷീണം മാറിയവര്‍ അതിന്നു പിന്നാലെ കൂടി. തുടര്‍ന്നുള്ള യാത്രയില്‍ ഭൂരിഭാഗവും ആന പിണ്ഡങ്ങള്‍ നിറഞ്ഞ ആനത്താരയിലൂടെ. ആനയുടെ മണം കിട്ടിയ വഴികാട്ടി ഇടയില്‍ അല്‍പം വഴി മാറി ഞങ്ങളെ നയിച്ചു. അരമണിക്കൂര്‍ കൊണ്ട് യാത്രയുടെ ആരംഭിച്ച പാതയുടെ താഴെ ഭാഗത്തെത്തിയപ്പോളും ആകെ ചിത്രശലഭസ്പീഷീസുകളുടെ എണ്ണം ഒന്‍പതിലൊതുങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം അല്‍പം വിശ്രമം.വീണ്ടും പരിസരത്തേക്ക് ക്യാമറയുമായി എല്ലാവരും ഇറങ്ങി. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍തന്നെ കൂടെയുള്ള ക്ഷീണവും രാവിലത്തെ ചോലക്കാട് നീന്തിക്കടന്നതിന്റെ ക്ഷീണവും ചേര്‍ത്ത് തീരെ നടക്കാന്‍ വയ്യാതായതിനാല്‍ ഞാന്‍ പുതപ്പിനുള്ളില്‍ വിശ്രമം തുടര്‍ന്നു.
ആ രാത്രിയില്‍ തണുപ്പിന്റെ തീവ്രത അല്‍പം കൂടി വര്‍ദ്ധിച്ചെന്നു തീര്‍ച്ച. ചൂടോടെ അടുപ്പില്‍ നിന്നും നേരിട്ട് കിട്ടിയ പൂരിയുടെ എണ്ണം അല്‍പം കൂടിയോ എന്നു സംശയം. പല്ലുകള്‍ കൂട്ടിയിടിക്കുന്ന തണുപ്പില്‍ പാമ്പാടുംചോലയില്‍ ഒരു പ്രഭാതം കൂടി. എഴുന്നേറ്റ് പുറത്തെത്തിയപ്പോള്‍ മരങ്ങളുടെ ഇലകളും പുല്‍ത്തലപ്പുകളും നേര്‍ത്ത മഞ്ഞിന്റെ തൂവെള്ളപുതപ്പണിഞ്ഞിരിക്കുന്ന അതിമനോഹരദൃശ്യം. ആവിപാറുന്ന കട്ടന്‍കാപ്പിയുമായി ആ ദൃശ്യം അല്‍പം നോക്കിനിന്നു. എട്ടുമണിയോടെ രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചു. താമസസ്ഥലത്തേക്ക് ആദ്യ ദിവസം കയറിവന്ന പാതയിലൂടെ നേരെ താഴേക്കായിരുന്നു അന്നത്തെ യാത്ര. തലേദിവസത്തെപ്പോലെ തന്നെ പൂമ്പാറ്റകളൊന്നും തന്നെ ആ തണുപ്പില്‍ തങ്ങളുടെ പുതപ്പിനുള്ളില്‍ നിന്നും പുറത്തിറങ്ങി ദര്‍ശനം നല്‍കാന്‍ തയ്യാറെടുത്തിരുന്നില്ല. പക്ഷി നിരീക്ഷകരുടെ കണ്ണിനും കാതിന്നും ഒപ്പം ക്യാമറയ്ക്കും പക്ഷേ ഒട്ടും വിശ്രമമുണ്ടായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി അവരെത്തിക്കെണ്ടെയിരുന്നു. ആ യാത്രയുടെ അസാനത്തോടെ ആ പ്രദേശത്തു കാണാന്‍ ഇടയുള്ള തദ്ദേശീയരായ പക്ഷികളില്‍ എണ്‍പതു ശതാമാനത്തേയും കണ്ടതിന്റെ നിര്‍വൃതിയിലായിരുന്നു സജിത്ത് മാഷും ഡോക്ടര്‍മാരായ അമലും ഷിയാസും. ആ കാനനപാതയില്‍ മരങ്ങളുടെ തണലില്ലാത്തിടങ്ങളിലെ കൊടുംചൂടും മലയിടുക്കുകളിലെ മരച്ചോലകളിലെത്തുമ്പോഴുള്ള തണുപ്പും മാറി മാറി കടന്ന് നാലോളം കിലോമീറ്ററുകള്‍ താണ്ടി തിരിച്ച് നടന്നു തുടങ്ങി. നീലഗിരി കടുവയും (Nilgiri Tiger-Parantica nilgiriensis) തീക്കണ്ണുനും (Red-disc Bushbrown-Mycalesis oculus) വെള്ളിനീലിയും (White Hedgeblue-Udara akasa) ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു, കൂട്ടിന്ന് പളനി നാല്‍ക്കണ്ണികളും.
താമസസ്ഥലത്തിന്ന് അല്‍പം മുന്നെ അവസാനത്തെ വിശിഷ്ടാതിഥിയും മുന്നിലെത്തി- ഗിരിശൃംഗന്‍ (Palini Fritillary). അതീവ സുന്ദരിയായ ഈ ശലഭത്തെ കാണാനുള്ള സൗഭാഗ്യം ഇത്തരം ഉയര്‍ന്ന പ്രദേശങ്ങളില്‍ അസുലഭമായി മാത്രം ലഭിക്കുന്നു. മന്നവന്‍ചോലയില്‍ രണ്ടു വര്‍ഷം മുന്നെ ആദ്യദര്‍ശനം തന്ന ആ വിഐപിക്കു ചുറ്റും ക്യാമറയുമായി എല്ലാവരും വട്ടമിട്ടു. പതുക്കെ ഇരുന്നും ഉയര്‍ന്നു പൊങ്ങിയും ചെടികളെ വട്ടമിട്ടും ആ കളി അല്‍പ സമയം തുടര്‍ന്നു. കൊടുംവെയിലില്‍ ലഭിച്ച ചിത്രങ്ങള്‍ പലര്‍ക്കും വേണ്ടത്ര തൃപ്തി നല്‍കിയില്ല. അല്ലെങ്കിലും ഫോട്ടോഗ്രാഫര്‍മാരുടെ ആപ്തവാക്യം തന്നെ 'ചിത്രമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം' എന്നാണല്ലോ. പാതയ്ക്കിരുവശവും മുന്നോട്ടും പിന്നോട്ടും നീങ്ങി ഒരു മണിക്കൂറോളം ആ ഗിരിശൃംഗന്‍മാര്‍ ഞങ്ങളെ താമസസ്ഥലത്തോളം അനുഗമിച്ചു, അല്ലെങ്കില്‍ ഞങ്ങളവരെ അനുഗമിച്ചു.
വിശപ്പടക്കിയതിന്നുശേഷം രണ്ടു ദിവസത്തെയും ചെക് ലിസ്റ്റുകളും ട്രാന്‍സെക്റ്റ് വിവരങ്ങളും നിശ്ചിത ഫോര്‍മാറ്റുകളില്‍ എഴുതി തയ്യാറാക്കി. അതെ ക്യാമ്പില്‍ താമസിച്ചിരുന്ന കുറിഞ്ഞിമലയിലേക്കുള്ള സംഘത്തെയും കൊണ്ടുപോയ വനം വകുപ്പ് വാഹനം തിരികെയെത്തിയപ്പോള്‍ അതില്‍ കയറി ഞങ്ങളുടെ അഞ്ചംഗ സംഘം വട്ടവടയിലെ പ്രകൃതി പഠന കേന്ദ്രത്തിലെത്തി. സര്‍വേയുടെ സ്വാഭാവികമായ സമാപനം അടുത്ത ദിവസം വൈകുന്നേരം മൂന്നാറില്‍ നടക്കുന്ന ക്രോഢീകരണത്തോടെയാണ്. പക്ഷെ മൂന്നാറില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്ര വീണ്ടും ഒരു പ്രവര്‍ത്തി ദിവസത്തെക്കൂടി അപഹരിക്കുമെന്ന ഭീതിയാണ് ഞങ്ങളെ നേരത്തെ തിരിച്ചിറങ്ങാന്‍ പ്രേരിപ്പിച്ചത്. നേരത്തെ ഇറങ്ങാനും അവിടെ ഒരു ദിവസം കൂടി തങ്ങാന്‍ തീരുമാനിച്ച ഞങ്ങളുടെ കൂടെയുള്ളവര്‍ക്ക് അതിന്നും ഉള്ള അനുമതി കിട്ടുക എന്നത് സ്വാഭാവികമായും വനം വകുപ്പിന്റേതു പോലുള്ള അധികാരബദ്ധശ്രേണിയില്‍ എത്ര സങ്കീര്‍ണ്ണമാണെന്ന് മനസ്സിലായി. വിശ്വസിച്ചേല്‍പിച്ച ദൗത്യം ഭംഗിയായി നിറവേറ്റിയെന്ന ബോധ്യം കുറ്റബോധം ഇല്ലാതാക്കി.
പ്രകൃതി പഠനകേന്ദ്രത്തിനു മുന്നില്‍ നിന്നും ഒരു കെ.എസ്.ആര്‍.ടി.സി ബസ് കിട്ടി, അത് കോവിലൂരിലേക്കുള്ള യാത്രയിലായിരുന്നു. വട്ടവടയെക്കുറിച്ചും കോവിലൂരിനെക്കുറിച്ചും വായിച്ചറിവുണ്ടായിരുന്നതിനാല്‍ ആ സ്ഥലം കാണുക കൂടി ചെയ്യാമെന്ന ഉദ്ദേശത്തോടെ അതില്‍ കയറിയപ്പോഴാണ് കണ്ടക്റ്റര്‍ സൂചിപ്പിച്ചത് , അതു തന്നെയാണ് മൂന്നാറിലേക്കുള്ള അവസാന ബസ്സെന്ന്. ദൂരെ നിന്നു തന്നെ മലമടക്കുകളില്‍ തീപ്പെട്ടിക്കൂടുകള്‍ അലക്ഷ്യമായി അടുക്കിയതുപോലുള്ള താമസസ്ഥലങ്ങളും കെട്ടിടങ്ങളും പ്രത്യക്ഷപ്പെട്ടു. അതി മനോഹരദൃശ്യം. ഒരു കാലത്ത് വനവാസി ഗോത്ര വിഭാഗങ്ങള്‍ മാത്രം അധിവസിച്ചിരുന്ന 2000 മീറ്ററുകള്‍ക്ക് മുകളിലുള്ള പ്രാക്തന ഗ്രാമം. എന്തെല്ലാം ആചാരങ്ങളും വൈവിധ്യങ്ങളും ആയിരിക്കും ആ പ്രാചീന സംസ്കൃതിയെ അടയാളപ്പെടുത്തിയിട്ടുണ്ടാവുക. മലനിരകളും കാടും കാട്ടാറുകളും വന്യജീവികളും അവയ്ക്കിടയില്‍ ഒരംഗമായി മനുഷ്യനും- എന്തൊക്കെ ജീവിതഗാഥകളായിരിക്കും അവിടെ നിറഞ്ഞാടിത്തീര്‍ന്നിട്ടുണ്ടാവുക, പരിഷ്കൃതരെന്നു പറയുന്ന ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ. തങ്ങള്‍ക്കു ചുറ്റിലുമുള്ള കല്ലിലും മണ്ണിലും പുഴയിലും മഴയിലും കാട്ടിലും പാട്ടിലും പോലും ദൈവത്തെ കണ്ട ആ പ്രാക്തന പ്രാകൃത മനുഷ്യനെ പാപവിമോചകനായ ദൈവസന്നിധിയിലേക്കാനയിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തിരുശേഷിപ്പുകളെന്ന നിലയില്‍ ഗ്രാമത്തിലങ്ങിങ്ങ് പള്ളികളും പള്ളികളുടെ പള്ളിക്കൂടങ്ങളും കുരിശ്ശടികളും. അതിന്റെ പ്രതീകമെന്നോണം മലനിരകളില്‍ സ്വാഭാവിക വളര്‍ച്ച തേടിയിരുന്ന തനതു സസ്യസമൃദ്ധിയെ മുച്ചൂടും നശിപ്പിച്ച് , ആഴത്തില്‍ വേരാഴ്ത്തി കുടിവെള്ളം വറ്റിക്കുന്ന വൈദേശികമായ യൂക്കലിപ്റ്റസ് തോട്ടങ്ങളും.
No comments:
Post a Comment